2012 മാർച്ച് 19, തിങ്കളാഴ്‌ച

" മനു മോനെ....., നിനക്ക് സുഖമല്ലേ,

                                       " മനു മോനെ....., നിനക്ക് സുഖമല്ലേ,
                                         നീ നന്നായി  പഠിക്കുക -എന്ന് സ്വന്തം ഉപ്പച്ചി"

                                        ഇംഗ്ലീഷില്‍ പൂരിപ്പിച്ച മണി ഓര്‍ഡര്‍ ഫോമിലെ മലയാളത്തില്‍ എഴുതിയ സന്ദേശം വായിച്ചു.TV പരസ്യത്തില്‍    ‍തോണ്ണ്‍  കാട്ടിചിരിക്കുന്ന രണ്ടു വയസ്സുകാരന്‍ മനസ്സിലേക്ക് ഓടി വന്നു..... ആയിരിക്കില്ല,മനുമോന്‍ സ്കൂളില്‍ പോകുന്നുണ്ട്.  LKG അല്ലെങ്കില്‍ ഒന്നാം ക്ലാസ് . അതിനപ്പുറം..., ഇല്ല, മനു മോന് ഒരുപാടു വളരാന്‍ കഴിയില്ല, അവനെന്നും ഉപ്പച്ചീടെ പുന്നാര മോനാണ്.

                                  "മനു മോനെ,..... നിനക്ക് സുഖമല്ലേ?" .
ദൈവമേ,....... ഇതെങ്ങിനെ ഇംഗ്ലീഷില്‍ ആക്കി ടൈപ്പ് ചെയ്യും.?!
"Manu mon, hope you well,study well-your father" .
മതിയോ? .......... അമ്മിഞ്ഞ പോലെ തന്നെ മധുരമുള്ള ഉപ്പച്ചീടെ വാക്കുകള്‍ക്കു പകരമാകുമോ ഈ രണ്ടു വരി. !

 ചുണ്ടില്‍ ഒരു തണുത്ത ഐസ്ക്രീം മധുരിച്ചു. മനസ്സ് പിറകിലേക്ക്....

"മോള്‍ക്ക്‌ ഉപ്പച്ചീനെ ഇഷ്ടാണോ?"
കൊഴിഞ്ഞ പല്ലിന്‍റെ വിടവ് കാട്ടി അവള്‍ ചിരിച്ചു.
"എങ്കില്‍ ഒരുമ്മ താ"
"ഊംമ..........
 ഹായ്‌......... ഉപ്പച്ചീടെ താടി വെളുത്തു. നിറച്ചും ഐക്കീം........ ഹി ഹി"
"ഹമ്പടി കള്ളീ ........."

"ഇനീം  വര്വ പ്പചി ?"
"വരും"
"മോള്‍ക്ക്‌ ഐക്കീം കൊണ്ടാരോ?"
"ഉം"
"ചക്കര ഉമ്മ?"
"പിന്നെ..........." വീണ്ടും  ചിരി......


          മുടങ്ങാതെ പടി കടന്നു വരുന്ന പോസ്റ്റ്‌ മാമനും ,ഒരു രാത്രിയില്‍ പിന്നാമ്പുറ വാതില്‍തുറന്ന് മഴയിലേക്ക്‌ ഇറങ്ങിപ്പോയ ഉമ്മച്ചീം,ചക്കര ഉമ്മയും ,ഐസ്ക്രീം മധുരവും ഓര്‍മകളില്‍ മാത്രമായി ഒതുങ്ങി.


"കഴിഞ്ഞില്ലേ ? ....." അക്ഷമയായ ചോദ്യം കേട്ടാണ്  ഉണര്‍ന്നത്. പുറത്തു കാറിന്‍റെ ഹോണ്‍.....
 "ഇപ്പൊ വരാം ........"  മുന്നില്‍ നില്‍ക്കുന്ന ഖാദര്‍  ധാരി പുറത്തേക്കു തല നീട്ടി വിളിച്ചു പറഞ്ഞു.
കൈകള്‍ കീബോര്‍ഡില്‍ അമരാന്‍ തുടങ്ങി.
"manu mone, ninakku sukhamalle........ nee nannaayi padikkuka- ennu swantham uppachi"
                





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ